Friday, April 30, 2010

എന്റെ പുതിയ ബ്ലോഗ്

പ്രിയമുള്ളവരെ..

എല്ലാവര്‍ക്കും ആശംസകള്‍..
ബൂലോകത്തില്‍ തുടക്കക്കാരനായ എനിക്കു നിങ്ങള്‍ തന്ന എല്ലാ പ്രോത്സാഹനങ്ങള്‍ക്കും ഹ്രുദയത്തിന്റെ ഭാഷയില്‍ ആദ്യം തന്നെ നന്ദി പറയുന്നു..

വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പുതിയ പുതിയ പൊസ്റ്റുകള്‍ ഇടാന്‍ എനിക്കു പ്രചോദനം നല്‍കുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തിന്റെ ശക്തി വളരെ വലുതാണല്ലെ.?..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ നമ്മള്‍ എഴുതുന്നതു വായിക്കുന്നു, അഭിപ്രായങ്ങള്‍ പറയുന്നു,...അതൊക്കെ വായിക്കുമ്പോള്‍ മനസ്സിനു നല്ല സുഖം തോന്നുന്നു.
ഈ ‘ബ്ലോഗ്’ എന്ന മാധ്യമത്തെ എങ്ങനെ നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരണം ആക്കാം എന്ന ചിന്തയുടെ പ്രതിഫലനം ആണു ഞാന്‍ ഇന്നു തുടങ്ങിയ എന്റെ പുതിയ ബ്ലോഗ്. ഇത് ഒരു ഇംഗ്ലീഷ് പഠന സഹായി ആണ്.എല്ലാ ദിവസവും പുതിയ അഞ്ച് ഇംഗ്ലീഷ് വാക്കുകളും (തീര്‍ച്ചയായും ഒരാള്‍ക്കു പുതിയതെന്നു തോന്നുന്നവ മറ്റുള്ളവര്‍ക്കു പുതിയതായി തോന്നണമെന്നില്ല) അതിന്റെ അര്‍ത്ഥവും ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ് (ഈശ്വരന്‍ ആരോഗ്യവും സമയവും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു) .ദിവസവും കൂടുതല്‍ വാക്കുകള്‍ അറിയാനും ആവര്‍ത്തിച്ചുള്ള വായനയിലൂടെ അവയെ നമ്മുടെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താനും കഴിയും എന്ന വിശ്വാസം ആണു ഇതുപോലൊരു ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം. പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും എല്ലാവര്‍ക്കും കമെന്റുകളിലൂടെ നല്‍കാവുന്നതാണ്,അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളുടെ അതേ അര്‍ത്ഥം വരുന്ന വാക്കുകളും നല്‍കാവുന്നതാണ്. ഇതുപോലെയുള്ള ഒരു കൂട്ടായ്മയിലൂടെ നമ്മുടെ ഇംഗ്ലീഷ് പദസമ്പത്ത് ഒരു പരിധി വരെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാ‍ണ് എന്റെ പ്രതീക്ഷ. കുറച്ചു നാളുകള്‍ക്കു ശേഷം ഈ ബ്ലോഗില്‍ കുറെ നല്ല ഇംഗ്ലീഷ് വാക്കുകള്‍ ഉണ്ടാകും.

പിന്നെ, ഇവനാരെടാ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എന്നൊന്നും ആരും വിചാരിക്കരുതു കേട്ടൊ. ഈ ലോകത്തിലെ തന്നെ ഏറ്റവും കുറവു
vocabulary ഉള്ള പത്തു പേരെ എടുത്താല്‍ അതില്‍ ഞാനും ഉണ്ടാവും എന്നുറപ്പാണ്. പണ്ടൊക്കെ ഡയറിയില്‍ പുതിയ വാക്കുകള്‍ കുറിച്ചു വെക്കുമായിരുന്നു. പക്ഷെ ആ ശീലങ്ങളൊക്കെ പെട്ടെന്നു തന്നെ നിന്നു പോയി. ഈ ബ്ലോഗില്‍ അങ്ങനെ സംഭവിക്കാതിരിക്കാ‍ന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.

പുതിയ ബ്ലോഗിന്റെ ലിങ്ക് ഇതാ...
http://fivewordsperday.blogspot.com/
  

 





ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ആശംസകള്‍..

ഒത്തിരി ഒത്തിരി സ്നേഹത്തൊടെ

(പൊട്ടിച്ചിരി പരമു)

Saturday, April 3, 2010

അറിയാതെ പിന്തുടരുന്നവര്‍




 നഗര മധ്യത്തിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നിന്ന് അയാളുടെ ക്രൂരമായ കണ്ണുകള്‍ ബൈനോക്കുലറിലൂടെ  ആ  വി ഐ പി യുടെ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.അനേകം പോലീസ്സുകാരും സെക്യുരിറ്റി ഉദ്യോഗസ്ഥരും   കാറിനടുത്തുണ്ടെങ്കിലും  താന്‍ അതിവിദഗ്ദ്ധമായി കാറില്‍ ഘടിപ്പിച്ച ബോംബു കണ്ടുപിടിച്ചമട്ടില്ല.അയാള്‍ക്ക്‌ താന്‍ അംഗമായിരിക്കുന്ന തീവ്ര വാദ സംഘടനയുടെ സാങ്കേതിക  മികവിലും തനിക്കു ലഭിച്ച അന്താരാഷ്‌ട്ര  നിലവാരമുള്ള പരിശീലനത്തിലും അഭിമാനം തോന്നി .


   അയാളുടെ ലഹരിക്കറപുരണ്ട ചുണ്ടില്‍ നിന്നും ഈ ലോകത്തോടുള്ള പരിഹാസം  ക്രൂരമായ പുഞ്ചിരിയായി പുറത്ത് വന്നു .അയാള്‍  അക്ഷമയോടെ തന്റെ വാച്ചിലേക്ക്  നോക്കി .കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ടൈം ബോംബിലെ കൌണ്ട്‌ 'സീറോ' ആവാന്‍ ഇനി പത്ത് നിമിഷങ്ങള്‍ മാത്രം ,അതിനുള്ളില്‍ തന്റെ ഇന്നത്തെ ഇരയായ ആ വി.ഐ.പി കാറില്‍ കയറിയിരിക്കണം .ഇതുവരെയുള്ള തന്റെ കണക്കുകൂട്ടലുകളൊന്നും പിഴയ്ക്കാത്ത ആത്മവിശ്വാസത്തോടെ അയാള്‍ വീണ്ടും തന്റെ ബൈനോകുലറില്‍ പിടിയുറപ്പിച്ചു. ചൂടുള്ള രക്തത്തിന് വേണ്ടിയുള്ള അയാളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ വി ഐ.പി യും കൂടെ മൂന്ന് പേരും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിന്റെ അടുത്തേക്ക് നടന്നടുക്കുന്നത്  അയാള്‍ കണ്ടു .തന്റെ ഉദ്യമം വിജയത്തിലെക്കടുക്കാന്‍ പോകുന്നു എന്ന സന്തോഷം അണപൊട്ടി ഒഴുകുമ്പോഴും ആ വി.ഐ.പി യുടെ സഹവാസം മൂലം ഇന്ന് ജീവന്‍ ബലി നല്‍കാന്‍ പോകുന്ന ആ മൂന്ന് പേരെ കാണാന്‍ അയാളുടെ മനസ് വെമ്പി .ബൈനോക്കുലറിലൂടെ അയാള്‍ ഓരോരുത്തരെയായി ശ്രദ്ധിച്ചുകൊണ്ടിരുന്നു .ഒന്നാമത്തെയാള്‍ ചെറുപ്പക്കാരന്നാണ് ,28 വയസ്സ് കാണും .അടുത്തയാള്‍ ഒരു സ്ത്രീയാണ് .അയാള്‍ ആ സ്ത്രീയുടെ രൂപം കൂടുതല്‍ വ്യക്തമാകുവാനായി ബൈനോക്കുലര്‍ സെറ്റ് ചെയ്തു .

   മുഖം വ്യക്തമായപ്പോള്‍ അയാളുടെ മനസൊന്നു പിടഞ്ഞോ ?അയാളുടെ ഹൃദയമിടിപ്പുകള്‍ക്ക് വേഗത കൂടിയോ ??
 അവള്‍ ...........അത് .............അവള്‍ തന്നെയല്ലേ ...................
 അതെയെന്ന ഉത്തരത്തിനടിവരയിടാന്‍ അയാള്‍ക്ക്‌ അധികം  സമയം വേണ്ടി വന്നില്ല.
 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശത്തിന്റെയും ചില പ്രത്യയ ശാസ്ത്രത്തിന്റെയും കൂടെ നിന്ന് തീവ്രവാദച്ചുവയുള്ള     സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അടിവെച്ചു കയറിയപ്പോള്‍ "അരുതേ"എന്ന് കരഞ്ഞു കാലുപിടിച്ചവള്‍.
മരണം വരെ ഒരുമിച്ചു ജീവിക്കാം എന്ന് പറഞ്ഞു അവന്റെ മുമ്പില്‍ നിന്ന് ഹൃദയം തകര്‍ന്നു കരഞ്ഞവള്‍......................
ഒരിക്കല്‍ അവന്റെ എല്ലാമെല്ലാമായിരുന്നവള്‍.................

അവളുടെ കരച്ചിലില്‍ കേള്‍ക്കാതിരിക്കാന്‍ കാതുകളും കണ്ണീര്‍ കാണാതിരിക്കാന്‍ കണ്ണുകളും ഇറുക്കിയടച്ചു പുറം തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ അവളുടെ സ്നേഹത്തിലും ഉപരിയായി ആ തീവ്രവാദം മണക്കുന്ന ആശയങ്ങള്‍ വേരൂന്നി കഴിഞ്ഞിരിക്കുന്നു .ആ രംഗം കണ്ടു അയാളെ അങ്ങനെ ആക്കിയവര്‍ മതിമറന്നു സന്തോഷിച്ച്ചിട്ടുണ്ടാവണം.
തീരെ പ്രതീക്ഷിക്കാതെ അവള്‍ ഇവിടെ.....
അയാളുടെ കൈകള്‍ ആദ്യമായി വിറച്ചു .തന്റെ ശരീരത്തെ തളര്‍ത്തുന്ന എന്തോ ഒന്ന് മനസ്സില്‍ നിറയുന്നതായി അയാള്‍ക്ക്‌ തോന്നി .അയാള്‍ വിയര്‍ത്തു ഒലിക്കുന്നുന്ടാരുന്നു .
ഞെട്ടിത്തിരിഞ്ഞു അയാള്‍ വാച്ചിലേക്ക് നോക്കി ..............ഇനി ബോംബു പൊട്ടാന്‍ 7 നിമിഷങ്ങള്‍ മാത്രം ................
അയാളുടെ കൈകാലുകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു .എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ .അവള്‍ തന്റെ കണ്മുന്‍പില്‍ മരിച്ചു വീഴുന്നത് താന്‍ കാണണമോ ?
ഒരുതെറ്റും ചെയ്യാത്ത അവള്‍ .............തന്റെ നന്മ മാത്രം ആഗ്രഹിച്ചവള്‍...........താന്‍ മനസ്സുകൊണ്ട് നോവിപ്പിച്ചവള്‍............

വയ്യ ............മരണമെന്ന ശിക്ഷകൂടി അവള്‍ക്കു നല്കാന്‍ വയ്യ .........................തനിക്കവളെ രക്ഷിക്കണം മനസ്സിന്റെ കോണില്‍ എവിടെയോ പൊതിഞ്ഞുവെച്ച സ്നേഹം അണപ്പൊട്ടി തന്റെ ശരീരത്തിന്റെ ഓരോ കോണിലും എത്തുന്നതയാള്‍ അറിഞ്ഞു .അയാളവിടെനിന്നുമിറങ്ങി ആ കാറിനെ ലക്ഷ്യമാക്കിയോടി ................
കാറിന്റെ അടുത്തുവെച്ചു സുരക്ഷൌദ്യോഗസ്തര്‍ അയാളെ തടഞ്ഞു ,അപ്പോഴേക്കും എല്ലാവരും കാറി കയറിയിരുന്നു ......സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് കാറിന്റെ അടുത്തെത്താനുള്ള അയാളുടെ ശ്രമങ്ങള്‍ വിഫലമാകുന്നത് കാണാമായിരുന്നു .

"ആ കാറില്‍ ബോംബു വെച്ചിട്ടുണ്ട് ............ദയവുചെയ്ത് അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ................നിയന്ത്രണം വിട്ടയാള്‍ അലറി.ഇതുകേട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ വട്ടം പിടിച്ചു .ജനങ്ങള്‍ നാലുപാടും ചിതറിയോടി ..............എല്ലാ ഉദ്യോഗസ്ഥരും കാറിന്റെ ചുറ്റും സുരക്ഷാവലയം തീര്‍ത്തു ,കാറില്‍ നിന്നും എല്ലാവരെയും പുറത്തിറക്കി .

 "എന്നെ വിടൂ...........ഞാന്‍ പറയുന്നത് സത്യമാണ് ............അതെടുത്തുമാറ്റാന്‍ എന്നെ അനുവദിക്കൂ .............നിമിഷങ്ങല്കകം അതുപോട്ടും ............"അയാള്‍ കരയുകയായിരുന്നു .
ശബ്ദം കേട്ടു എല്ലാരേയും പോലെ അവളും അയാളെ നോക്കി   .
ലഹരിമാരുന്നുപയോഗിച്ചു മുഖം വികൃതമായിരുന്നെങ്ങിലും താടിയും മുടിയും വളര്‍ന്നു അവ്യക്തമായിരുന്നെന്ഗ്ഗിലും അവളാ കണ്ണുകളെ തിരിച്ചറിഞ്ഞു..ആ ശബ്ദത്തെ തിരിച്ചറിഞ്ഞു .അയാളുടെ അടുത്തേക്ക് വരാനുള്ള അവളുടെ ശ്രമങ്ങള്‍ പോലീസുകാര്‍ തടഞ്ഞു . അവര്‍ അവനെ ബോംബ്‌ എടുത്തു മാറ്റാന്‍ അനുവദിക്കാന്‍  തീരുമാനിച്ചു .
അനുമതി ലഭിച്ചതും അയാള്‍ അതിവേഗത്തില്‍ കാറിന്റെ അടിയിലേക്ക് കയറി . തന്നാല്‍  കഴിയും വിധം വേഗത്തില്‍ അയാളത്‌ എടുത്തു നിര്‍വീര്യമാക്കി പോലീസിന് കൈമാറി .
 നടന്ന നാടകീയ സംഭവങ്ങളുടെ ഭയാനകത നിഴലിക്കുന്ന മുഖങ്ങള്‍ക്കു നടുവിലും അയാള്‍ സന്തോഷവാനായി കാണപ്പെട്ടു . തന്റെ എല്ലാമായ അവളെ മരണത്തില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്താല്‍ തന്റെ കൈകളില്‍ വിലങ്ങു വീഴുന്നതും അയാളറിഞ്ഞില്ല. അവന്‍ അവളെയും അവള്‍ അവനെയും ഇമ വെട്ടാതെ നോക്കി നിന്നു .അപ്പോഴും പോലീസുകാര്‍ അവനെ അവരുടെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . ആ തിരക്കിനിടയില്‍ അവന്‍റെ നെഞ്ചില്‍ പതിഞ്ഞ ലേസര്‍ ഗണ്ണിന്റെ പ്രകാശം അധികമാരും ശ്രദ്ധിച്ചിരുന്നില്ല . വിദൂരതയില്‍ നിന്നും അവന്‍റെ ജീവിതം അവസാനിപ്പിക്കാന്‍ ആരോ ഉന്നം കുറിക്കുന്നു . പോലീസിന്റെ പിടിയിലകപ്പെട്ടാല്‍ സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്താനുള്ള സാധ്യതകളെ മുന്നില്‍ കണ്ടു സ്വന്തം കൂട്ടാളിയെ കുരുതികൊടുക്കാന്‍ അവനെ നിരീക്ഷിക്കുന്നവര്‍ . അവന്‍റെ നെഞ്ചില്‍ എത്ര വിദൂരതയില്‍ നിന്നും പോലും കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ലേസര്‍ ഗണ്ണുമായി അവര്‍ കാത്തിരിക്കുന്നുന്ടെന്നത്  അവന്‍ മറന്നിരിക്കുമോ?  അവര്‍ക്കും സമയമെന്നത് വിലപ്പെട്ടതായിരുന്നു . ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാതെ അവര്‍ അവടെ നെഞ്ചില്‍ നിറയൊഴിച്ചു . VIP -യെ സുരക്ഷിതമായി എങ്ങോട്ടോ അതിവേഗത്തില്‍ മാറ്റി. അവള്‍ മാത്രം ഓടിയില്ല . എന്ത് ചെയ്യണം എന്നറിയാതെ രക്തത്തില്‍ വീണു പുളയുന്ന അവനെ നോക്കി നിന്നു. പക്ഷെ അവളെയും പോലീസുകാര്‍ പിടിച്ചുവലിച്ചുകൊണ്ട്‌ പോയി . ജീവനുവേണ്ടി മല്ലിടുമ്പോഴും അവന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. തന്റെ ജീവന്‍ കൊടുത്തിട്ടായാലും അവളുടെ ജീവന്‍ രക്ഷിക്കനയല്ലോ എന്നാ സന്തോഷം പാതിയടഞ്ഞ ആ കണ്ണുകളില്‍ കാണാമായിരുന്നു. പോലീസിന്റെ സുരക്ഷാവല യങ്ങളെ   ഭേദിച്ച് അവന്‍റെ അടിത്തിരുന്നു ഒന്നുറക്കെ പൊട്ടിക്കരയാന്‍ അവള്‍ കൊതിച്ചു .ദൂരെ നിന്നാന്നെങ്ങിലും അവന്‍റെ ശരീരം പതുക്കെ പതുക്കെ നിശ്ചലമാകുന്നത് അവള്‍  കണ്ടു . തന്റെ കണ്ണുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന ചൂടുള്ള കണ്ണുനീര്‍ ആ രംഗത്തെ അവളില്‍ നിന്നും മറച്ചു . കൈകളാല്‍ കണ്ണുനീര്‍ തുടച്ചു മാറ്റി നോക്കുമ്പോഴേക്കും അവന്‍ എന്നെന്നേക്കുമായി ഈ ലോകത്തെ വിട്ടു പോയിട്ടുണ്ടായിരുന്നു. ......
കണ്ണുകള്‍ ഇറുക്കിയടച്ചു പൊട്ടിക്കരയുമ്പോള്‍ അവനെപ്പോഴും തന്നോട് പറഞ്ഞിരുന്ന വാക്കുകള്‍ അവളില്‍ മാറ്റൊലി കൊണ്ടു  .."ഞാന്‍ നിന്നെ എന്‍റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.. "
  (ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍)

LinkWithin

Related Posts with Thumbnails